ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള മാധ്യമം ഇറാൻവയറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുജ്തബ ഖമനയിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ ഇറാൻ ഭരണതലപ്പത്ത് ശക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിലാണ് മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്. തുടർന്ന് മാർച്ച് എട്ടിനാണ് അദ്ദേഹം പിതാവിന്റെ പിൻഗാമിയായി പരമോന്നത നേതൃസ്ഥാനത്തെത്തിയത്.
എന്നാൽ അധികാരമേറ്റ ശേഷം മുജ്തബ ഖമനയി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റേതായി പുറത്തുവന്നത് പ്രധാനമായും എഴുതി തയാറാക്കിയ പ്രസ്താവനകളാണ്. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് നേരത്തെയും പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു.
ഇസ്രയേൽ ആക്രമണത്തെ തുടർന്ന് കനത്ത സുരക്ഷയിലാണ് മുജ്തബ കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന ഉദ്യോഗസ്ഥരുമായി നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് പകരം ഇടനിലക്കാരുടെ ശൃംഖലയിലൂടെയാണ് ആശയവിനിമയം നടത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
മുജ്തബയുമായി നേരിട്ട് ബന്ധപ്പെടുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അടുത്തിടെ പറഞ്ഞതായും റിപ്പോർട്ടുണ്ട്. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച പുതിയ അവകാശവാദങ്ങൾക്ക് ഇറാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.